Tuesday, December 22, 2009




തിരുവുത്സവം തൃക്കൊടിയേറ്റ്.

Sunday, December 13, 2009

മുരിംങ്ങമംഗലം ക്ഷേത്ര ഉല്‍പത്തി


പന്തളം രാജവംശവും ശബരിമല ക്ഷേത്രവും തമ്മിലുള്ള ബന്ധം പോലെത്തന്നെ ചരിത്രസത്യങ്ങള്‍ തെളിവു നല്‍കുന്ന ഐതിഹ്യമാണ്‌ കോന്നി മുരിങ്ങമംഗലം മഹാദേവര്‍ ക്ഷേത്രവും പന്തളം രാജവംശവുമായിട്ടുള്ളത്‌.
പാണ്‌ഡ്യരാജവംശത്തിന്‍െറ ഒരു ശാഖയാണ്‌ പന്തളം രാജവംശം. അഗസ്‌ത്യമഹര്‍ഷി രചിച്ച `ഹാലാസ്യമഹാത്മ്യം' എന്ന ഗ്രന്ഥത്തില്‍ ശിവഭക്തരായ പാണ്‌ഡ്യ രാജവംശത്തിന്‍െറ ഒരു ശാഖ മധുര ആസ്ഥാനമാക്കി ഭരിച്ചിരുന്നതായി പറയുന്നു. ഇവര്‍ നിര്‍മിച്ചതാണ്‌ മധുരമീനാക്ഷി അമ്മാളും, പഴനി സുബ്രഹ്മണ്യസ്വാമിയും ധര്‍മശാസ്‌താവുമായി. ഇവരില്‍ ചെമ്പഴന്നൂര്‍ ശാഖ തെങ്കാശി കൊട്ടാരത്തില്‍ താമസിച്ചു. ഇവര്‍ക്കു വേണാടു രാജാക്കന്മാരുമായി ബന്ധം ഉണ്ടായിരുന്നതായി വിശ്വാസയോഗ്യമായ രേഖകള്‍ തെളിയിക്കുന്നു.

മധുരയിലെ പാണ്‌ഡ്യരാജാക്കന്മാര്‍ ആഭ്യന്തരകലഹംമൂലം അധഃപതിച്ചു. മന്ത്രിയായിരുന്ന തിരുമലനായ്‌ക്കന്‍െറ ആജ്ഞാനുവര്‍ത്തികള്‍ മാത്രമായിരുന്നു പാണ്‌ഡ്യരാജാക്കന്മാര്‍. ചെമ്പഴന്നൂര്‍ ശാഖയിലെ ഒരു രാജകുമാരന്‍ തിരുമല നായ്‌ക്കന്‍െറ മകളെ വേളികഴിക്കണമെന്ന്‌ തിരുമലനായ്‌ക്കന്‌ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍, ഈ ആഗ്രഹം നിറവേറ്റാന്‍ പാണ്‌ഡ്യരാജാക്കന്മാര്‍ കൂട്ടാക്കിയില്ല. ഇതിന്‍െറ പേരില്‍ തിരുമല നായ്‌ക്കന്‌ രാജകുടുംബത്തോട്‌ കടുത്ത വിരോധമുണ്ടായി. നായ്‌ക്കന്‍െറ മറവപ്പട തെങ്കാശിയില്‍ വലിയ നാശനഷ്‌ടം വരുത്തി. തീവെട്ടിക്കൊള്ളയായിരുന്നു ഇവരുടെ ആക്രമണരീതി. ആക്രമണത്തില്‍ സൈ്വര്യംകെട്ട ചെമ്പഴന്നൂര്‍ രാജാക്കന്മാര്‍ വേണാട്‌ രാജാവിന്‍െറ ഉപദേശപ്രകാരം ചെങ്കോട്ട താലൂക്കില്‍പ്പെട്ട `ഇലത്തൂര്‍ മണിയം' എന്ന ഗ്രാമവും പുളിയങ്കുടിയ്‌ക്കു വടക്കുള്ള ഗിരിപ്രദേശങ്ങളും വിലയ്‌ക്കു വാങ്ങി താമസിച്ചു. ഇവിടെയും തിരുമലനായ്‌ക്കന്‍െറ മറവപ്പട തീവെട്ടിക്കൊള്ളയും അക്രമവും പിന്തുടര്‍ന്നു

സഹ്യന്‍െറ കിഴക്കന്‍ പ്രദേശങ്ങളില്‍ സൈ്വര്യത നശിച്ച പാണ്‌ഡ്യരാജാക്കന്മാര്‍ അച്ചന്‍കോവിലില്‍ കൊട്ടാരമുണ്ടാക്കി താമസം മാറ്റി. അന്നത്തെ വേണാട്‌ രാജാവ്‌ കൊല്ലവര്‍ഷം79, കന്നിമാസം 11-ാം തീയതി നല്‍കിയ ചെമ്പുപട്ടയത്തിന്‍െറ അടിസ്ഥാനത്തിലാണ്‌ കേരളക്കരയില്‍ താമസമാക്കിയത്‌. അന്നും ഇലത്തൂര്‍ ഭാഗത്ത്‌ തീവെട്ടിക്കൊള്ളക്കാരെ എതിര്‍ത്തുകൊണ്ട്‌ ഒരു വിഭാഗം താമസിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്‌. എന്നാല്‍, ഇലത്തൂരിലും അച്ചന്‍കോവിലിലും മറവപ്പട സൈ്വര്യത നശിപ്പിച്ചതിനാല്‍ സ്‌ത്രീകളെയും കുട്ടികളെയും ബ്രാഹ്മണരെയും അച്ചന്‍കോവിലില്‍ നിന്നു 24 മൈല്‍ പടിഞ്ഞാറ്‌ അച്ചന്‍കോവിലാറിന്‍െറ വടക്കേ കരയിലുള്ള കോന്നിയൂരില്‍ താമസിപ്പിച്ചു. അവിടെ കോയിക്കലും മനകളും മഠങ്ങളും ക്ഷേത്രവും ഉണ്ടാക്കി. മന്ത്രിമാരുടെ കുടുംബങ്ങളെ റാന്നി പ്രദേശത്തും താമസിപ്പിച്ചു. കോന്നിക്കും അച്ചന്‍കോവിലിനും ഇടയ്‌ക്ക്‌ പല സ്ഥലങ്ങളിലും പന്തളത്തു രാജാവിന്‍െറ കുടിയാന്മാരും സൈന്യങ്ങളും താമസിച്ചിരുന്നു. അച്ചന്‍കോവിലാറിന്‍െറ തീരത്തും അച്ചന്‍കോവിലിലുമായി ഏഴു പ്രധാന സ്ഥാനങ്ങളില്‍ അന്നത്തെ ക്ഷേത്രങ്ങളും അധിവാസകേന്ദ്രങ്ങളും നശിച്ചെങ്കിലും അവശിഷ്‌ടങ്ങും ക്ഷേത്രപറമ്പും ജനങ്ങള്‍ പാര്‍ത്തിരുന്ന പറമ്പുകളും കാണാം.കേരളക്കരയില്‍ പഴയ ചെമ്പഴന്നൂര്‍ ശാഖക്കാരനായ പാണ്‌ഡ്യരാജാക്കന്മാര്‍ സ്ഥാപിച്ച പുരാതനക്ഷേത്രങ്ങളില്‍ അവശേഷിക്കുന്നത്‌ കോന്നി മുരിങ്ങമംഗലം മഹാദേവര്‍ ക്ഷേത്രമാണ്‌. ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിനു കിഴക്ക്‌ ഇത്രയും വിസ്‌താരമുള്ള മറ്റൊരു ക്ഷേത്രം ഇല്ല. കൊല്ലവര്‍ഷം 79ലെ ചെമ്പുപട്ടയത്തിലെ താല്‌പര്യപ്രകാരം ഈ ക്ഷേത്രവും കോന്നി ഗ്രാമവും കൊല്ലവര്‍ഷം ഒന്നും രണ്ടും ശതാബ്ദങ്ങള്‍ക്കുള്ളില്‍ ആവിര്‍ഭവിച്ചതായി കണക്കാക്കുന്നു.
കൊല്ലവര്‍ഷം 345-നുശേഷമാണ്‌ കോന്നിയില്‍ നിന്നും രാജവംശം പന്തളത്തു സ്ഥിരതാമസമാക്കിയത്‌. വര്‍ഷങ്ങളോളം കോന്നിയില്‍ താമസിച്ച രാജാക്കന്മാരുടെ പ്രധാന ആരാധനാലയമായിരുന്നു മുരിങ്ങമംഗലം ക്ഷേത്രം. ക്ഷേത്രങ്ങള്‍ സംരക്ഷിക്കുന്നതില്‍ ചില ഭരണകര്‍ത്താക്കള്‍ കാട്ടിയ അലംഭാവംമൂലമുണ്ടായ കുഴപ്പങ്ങള്‍ ഈ ക്ഷേത്രത്തിനെയും ബാധിച്ചു. മുരിങ്ങമംഗലം മഹാദേവ ക്ഷേത്രത്തിന്‍െറ ശ്രീകോവിലും നമസ്‌കാരമണ്‌ഡപത്തറയും നാലമ്പലത്തറയും മാത്രം നശിക്കാതെ ശേഷിച്ചു. ചെമ്പുപാലികള്‍ മേഞ്ഞ ശ്രീകോവില്‍ കൊല്ലവര്‍ഷം 112-ല്‍ പുതുക്കിപ്പണിതു.

ശൈവരായ പാണ്‌ഡ്യരാജാക്കന്മാര്‍ കോന്നിയൂര്‍ ഗ്രാമത്തിനു രൂപം നല്‍കിയത്‌ മുരിങ്ങമംഗലം ക്ഷേത്രത്തെ അടിസ്ഥാനമാക്കിയാണ്‌. രാജഭരണകാലത്ത്‌ നാലുകരകള്‍ ചേര്‍ന്നു താലൂക്ക്‌ കേന്ദ്രമായിരുന്നു കോന്നി. അച്ചന്‍കോവിലാറിന്‍െറ വടക്കെക്കരയില്‍ രാജകുടുംബങ്ങള്‍ താമസിച്ചിരുന്ന എട്ടു കോയിക്കലുകളും ബ്രാഹ്മണാലയങ്ങളായ മനയും മഠങ്ങളും അന്യാധീനമാണെങ്കിലും ഇന്നും നിലനില്‍ക്കുന്നു. സൈന്യങ്ങള്‍ ആയുധപരിശീലനം നടത്തിയിരുന്ന കളരിക്കലും മല്ലശ്ശേരിയും (മല്ലച്ചേരി), വാള്‍മുട്ടവും (വാഴമുട്ടം) ആ പേരില്‍ തന്നെയുണ്ട്‌.

അച്ചന്‍കോവിലാറിന്‍െറ തെക്കേക്കരയില്‍ രണ്ടു കോയിക്കലുകളും ഇളങ്ങപട്ടം ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രവും പട്ടത്താനങ്ങളും ഒരു മനയും ഉണ്ട്‌. കോന്നി ഉപേക്ഷിച്ച്‌ പന്തളത്തേക്കു താമസം മാറിയ രാജാക്കന്മാര്‍ അവരുടെ ആശ്രിതരില്‍ ഒരു വിഭാഗത്തെ കൂട്ടിക്കൊണ്ടു പോയി. കോന്നിയിലുള്ള പല വീട്ടു പേരുകളും പന്തളത്തു കാണുന്നത്‌ ഇതിന്‍െറ തെളിവാണ്‌. കൊല്ലവര്‍ഷം 995-ലെ ഉടമ്പടിക്കുശേഷവും അന്നത്തെ പന്തളത്ത്‌ രാജാക്കന്മാര്‍ വര്‍ഷത്തില്‍ ഒരുതവണ മുരിങ്ങമംഗലം ക്ഷേത്രത്തിലെത്തി ആരാധന നടത്തിയിരുന്നു. എന്നാല്‍, ഈ പതിവ്‌ ഇപ്പോള്‍ പാലിക്കുന്നില്ല
കോന്നിയൂര്‍ ഉപേക്ഷിച്ച്‌ പന്തളത്ത്‌ ആസ്ഥാനമാക്കിയ പന്തളം രാജാക്കന്മാര്‍ മുരിങ്ങമംഗലം ക്ഷേത്ര സംരക്ഷണത്തിന്‌ പ്രത്യേക ചില കുടുംബക്കാരെ ചുമതലപ്പെടുത്തിയിരുന്നു. ദൈനംദിന പൂജാദികാര്യങ്ങള്‍ക്കായി കരവേലിമഠം ബ്രാഹ്മണ കുടുംബത്തെയും മറ്റു ക്ഷേത്രകാര്യങ്ങള്‍ക്കായി തേവലശ്ശേരി ഉണ്ണികളുടെ കുടുംബവും ഓതറ കുടുംബവും ആയിരുന്നു രാജാവ്‌ ചുമതലപ്പെടുത്തിയിരുന്നത്‌. ക്ഷേത്രത്തിന്‍െറ ഭരണകാര്യങ്ങള്‍ ഊരുവേലില്‍ കുടുംബാംഗങ്ങളെയും ഏല്‌പിച്ചു. ഇക്കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിലേക്ക്‌ ആവശ്യമായ വസ്‌തുവഹകളും ഓരോ കുടുംബത്തിനും നല്‍കിയിരുന്നു. മുരിങ്ങമംഗലം ക്ഷേത്രത്തിലുണ്ടാകുന്ന മരപ്പണിയും ഇരുമ്പുപണിയും നടത്തുന്നതിനുള്ള ഉത്തരവാദിത്വം അങ്ങാടിയില്‍ ആശാരിമാരെയും അറപ്പുറ കൊല്ലന്മാരെയുമാണ്‌ ഏല്‌പിച്ചത്‌.

അര്‍ജുനന്‌ പാശുപതാസ്‌ത്രം നല്‍കുന്ന സന്ദര്‍ഭമാണ്‌ മുരിങ്ങമംഗലം ക്ഷേത്രത്തിലെ പ്രതിഷ്‌ഠാസങ്കല്‌പത്തിലുള്ളത്‌. ക്ഷേത്ര സംരക്ഷണത്തിനു ചുമതലപ്പെടുത്തിയ കുടുംബക്കാര്‍ ക്ഷേത്രാവശ്യത്തിന്‌ പന്തളം രാജാക്കന്മാര്‍ നല്‍കിയ വസ്‌തുക്കള്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കണ്ടെഴുത്തും കരം നിശ്ചയിക്കലും നടന്നപ്പോള്‍ സ്വന്തം പേരിലാക്കി. ചെങ്കോട്ട താലൂക്കിലുണ്ടായിരുന്ന അച്ചന്‍കോവില്‍ വക രണ്ടായിരപ്പറ നിലം സംസ്ഥാന വിഭജനത്തോടുകൂടിയാണ്‌ ക്ഷേത്രത്തിനു നഷ്‌ടമായത്‌. മുരിങ്ങമംഗലം ക്ഷേത്രത്തിലെ നിത്യശ്ശീവേലിക്ക്‌ എഴുന്നള്ളത്തിനുപയോഗിച്ചിരുന്ന ആനയുടെ നോട്ടക്കാര്‍ക്കുവരെ പ്രത്യേക ഭൂമി പന്തളത്തു തമ്പുരാക്കന്മാര്‍ നല്‍കിയിരുന്നു.
(ലേഖനത്തിനു കടപ്പാട് : ശ്രീ.കെ.ആര്‍.കെ. പ്രദീപ്, മാതൃഭൂമി)